കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം, കുട്ടികളെ സ്വയം പര്യാപ്തരാക്കാം
കുഞ്ഞുങ്ങളെ സ്വയം പര്യാപ്തരാക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മക്കള്‍ സ്വയം പര്യാപ്തര്‍ ആകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെങ്കിലും അങ്ങനെ ആക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല എന്നുള്ളതാണ് വാസ്തവം. കുഞ്ഞുങ്ങളില്‍ ഉത്തരവാദിത്തബോധം വളര്‍ത്താനും അവരെ സ്വയം പര്യാപ്തരാക്കാനുമുള്ള മൂന്ന് പൊടിക്കൈകള്‍ നോക്കാം.
വീടിന്റെ അന്തരീക്ഷം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ക്രമപ്പെടുത്തുക
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വീട് ക്രമപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ വീട്ടിലെ ഷെല്‍ഫ് നല്ല ഉയരത്തിലാണെന്ന് കരുതുക. സ്‌ക്കൂള്‍ വിട്ട് വരുന്ന അഞ്ചു വയസുകാരന്‍ എങ്ങനെയാണ് തന്റെ ബാഗ് അവിടെ വെക്കുന്നത്. അവന് വേണ്ടി ഉയരം കുറഞ്ഞ ഒരു ഷെല്‍ഫ് വേണം. ആഹാരം കഴിച്ചതിന് ശേഷം കൈ കഴുകാന്‍ വാഷ് ബേസിന് സമീപം അവനൊരു ചെറിയ കസേരയുണ്ടെങ്കില്‍ അവനതില്‍ നിന്ന് സ്വന്തമായി കൈ കഴുകുവാന്‍ സാധിക്കും. കുഞ്ഞിനെ സ്വയം പര്യാപ്തരാക്കാന്‍ അവന്റെ ലോകത്തിനൊത്തു നമ്മുടെ ഇടങ്ങളും ക്രമപ്പെടുത്തേണ്ടതുണ്ട്.
വീട്ടിലെ ജോലികളില്‍ കുഞ്ഞുങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കുക
തങ്ങളുടെ കുഞ്ഞുങ്ങള്‍ യാതൊരു വിധ ബുദ്ധിമുട്ടുകളിലൂടെയും കടന്ന് പോകരുതെന്ന് കരുതി എല്ലാ കാര്യങ്ങളും അവര്‍ക്ക് വേണ്ടി ചെയ്തു കൊടുക്കുന്നവരാണ് മാതാപിതാക്കള്‍. കുഞ്ഞുങ്ങള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ചു വീട്ടിലെ ജോലികളില്‍ അവസരം നല്‍കുക. കളിയെല്ലാം കഴിഞ്ഞതിന് ശേഷം കളിക്കോപ്പുകള്‍ അടുക്കി വെക്കാനുള്ള ജോലി അവരെ ഏല്‍പ്പിക്കാം. മുഷിഞ്ഞ തുണി അലക്കാനെടുക്കുമ്പോള്‍ അവരുടെ സഹായം തേടാം. എവിടെയെല്ലാം അവരുടെ സഹായം തേടാമോ ആ അവസരങ്ങളെല്ലാം അവര്‍ക്ക് നല്‍കുക. അതവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും താമസിയാതെ ഇക്കാര്യങ്ങളെല്ലാം അവര്‍ സ്വന്തമായി ചെയ്യാന്‍ തുടങ്ങുകയും ചെയ്യും.
അനാവശ്യ തിരുത്തലുകള്‍ ഒഴിവാക്കുക
സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കുഞ്ഞുങ്ങള്‍ തുടങ്ങുമ്പോള്‍ കഴിയുന്നതും അവരെ തിരുത്താന്‍ പോകാതിരിക്കുക. ആവശ്യമെങ്കില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാം. കഴിയുന്നതും ആദ്യ അവസരത്തില്‍ തിരുത്തലുകള്‍ ഒഴിവാക്കുക. ഒരു കാര്യം നന്നായി ചെയ്യാനുള്ള തിരുത്തലുകളാണ് നിങ്ങള്‍ നല്കുന്നതെങ്കിലും ആദ്യ അവസരത്തില്‍ ആ തിരുത്തലുകള്‍ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം നശിപ്പിക്കുകയാണ് ചെയ്യുക

Comments
Post a Comment